Thursday, 22 January 2009

നാലാം തലമുറ ഐപോഡ്‌ നാനോ

കയ്യിലൊതുങ്ങുന്ന, തീരെ ഭാരം കുറഞ്ഞ ആപ്പിളിന്റെ പുതിയ ഐപോഡ്‌ നാനോ വിപണിയില്‍. 8,16 ജിബിയുടെ സംഭരണ ശേഷിയുമായി എത്തുന്ന ഈ സുന്ദരന്‍ മറ്റു മോഡലുകള്‍പോലെത്തന്നെ മുന്‍പന്തിയിലെത്തുമെന്നാണ്‌ വിശ്വാസം. ചതുരത്തില്‍ രൂപകല്‍പന ചെയ്‌തതാണ്‌ മൂന്നാം തലമുറ ഐപോഡ്‌ നാനോ എങ്കില്‍ നാലാം തലമുറ വീണ്ടും നീളന്‍ സ്വഭാവത്തിലേക്ക്‌ തന്നെ മടങ്ങി. പക്ഷേ, കുറച്ചുകൂടി ഒതുക്കമുള്ളതും കൂടുതല്‍ സവിശേഷതകളോടെയുമാണ്‌ നാലാം തലമുറയുടെ വരവ്‌.പുതിയ ഐപോഡിന്റെ മുകള്‍ഭാഗത്ത്‌ സ്വിച്ചുകളെല്ലാം ഒതുങ്ങുമ്പോള്‍, താഴെ ഭാഗത്ത്‌ ഡോക്ക്‌ കണക്ടറും ഹെഡ്‌ഫോണ്‍ ജാക്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മെനുവിലൂടെ നാവിഗേറ്റു ചെയ്യുമ്പോള്‍ മുന്‍തലമുറയില്‍ നിന്ന്‌ വ്യത്യസ്‌തമായി 'ആക്‌സിലറേറ്റര്‍' മാത്രമാണുള്ളത്‌. മറ്റു മോഡലുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ രണ്ട്‌ ഇഞ്ച്‌ സ്‌ക്രീന്‍ കുടുതല്‍ അനുയോജ്യമായതും കൂടുതല്‍ വ്യക്തതയുള്ള കാഴ്‌ചയും സമ്മാനിക്കുന്നു.വീഡിയോ കാണുമ്പോള്‍, ഐപോഡ്‌ ചരിക്കുന്നതിനനുസരിച്ച്‌ ചിത്രങ്ങളും ലാന്‍ഡ്‌സ്‌കേപ്പ്‌, വൈഡ്‌ സ്‌ക്രീന്‍ മോഡുകളിലേക്ക്‌ മാറും.ഈ നാലാം തലമുറ ഐപോഡിന്റെ സംഭരണ ശേഷി 8, 16 ജിബി ആണെന്നതിനാല്‍ കൂടുതല്‍ ചിത്രങ്ങളും പാട്ടുകളും വീഡിയോയുമൊക്കെ ശേഖരിക്കാനാകും. അതുപോലെ ഒരു പാട്ടില്‍ നിന്ന്‌ അടുത്തതിലേക്ക്‌ പോകുന്നതിനുള്ള ഷഫിള്‍ സംവിധാനവും ഈ പുതു തലമുറക്കാരനിലെ പ്രത്യേകതയാണ്‌. അതോടൊപ്പം മേസ്‌, വോര്‍ട്ടോക്‌സ്‌ തുടങ്ങിയ ഗെയിമുകളും ഇതിലുണ്ട്‌. നാലാം തലമുറയിലെ ഈ 8 ജിബി ഐപോഡിന്‌ ഇന്‍ഡ്യന്‍ വില 8200 രൂപയും നികുതിയുമാണ്‌.