Thursday, 17 April 2008

ലാപ്‌ടോപ്പിനെ തണുപ്പിക്കാന്‍

ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട്‌ ധാരാളം അനുബന്ധ ഉപകരണങ്ങള്‍ ഇന്ന്‌ വിപണിയിലുണ്ട്‌. അവയ്‌ക്കൊക്കെത്തന്നെ നല്ല ഡിമാന്റുമുണ്ട്‌. അത്തരത്തിലൊന്നാണ്‌ ലാപ്‌ടോപ്പിന്റെ ചൂടകറ്റാന്‍ സഹായിക്കുന്ന കൂളിംഗ്‌ പാഡ്‌. സാധാരണ ഏറെ നേരം ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകള്‍ അമിതമായി ചൂടാകുന്നത്‌ തടയുന്ന ഈ ചെറു ഉപകരണത്തിന്‌ നമ്മുടെ വിപണിയിലും ഏറെ പ്രിയമാണ്‌.
ലാപ്‌ടോപ്പിന്റെ വലിപ്പത്തിനനുലസരിച്ചുള്ള ചെറിയൊരു സ്‌റ്റാന്‍ഡാണിത്‌.ഇതിനു മുകളിലായിരിക്കും ലാപ്‌ടോപ്പ്‌ വയ്‌ക്കുന്നത്‌.ഈ പാഡിലുള്ള രണ്ട്‌ ഫാനുകള്‍ ലാപ്‌ടോപ്പ്‌ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടിനെ ഒരു പരിധിവരെ അകറ്റുന്നു. ഇങ്ങനെ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്ന നോട്ട്‌ബുക്കുകള്‍ കൂടുതല്‍ ചൂടാകുന്നത്‌ തടയുമ്പോള്‍ ഇവയുടെ കാലാവധിയും വര്‍ധിക്കുന്നു. ഈ കൂളിംഗ്‌ പാഡുകള്‍ക്ക്‌ നോട്ട്‌ബുക്ക്‌ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ചൂടിനെ 20 ശതമാനം വരെ കുറയ്‌്‌ക്കാനാവുമെന്നാണ്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.
മിക്ക കൂളിംഗ്‌ പാഡുകള്‍ക്കും ഒരു പവര്‍ അഡാപ്‌റ്റര്‍ ഉണ്ടാകും. പക്ഷെ ഇത്‌ യു.എസ്‌.ബി രൂപത്തിലാണെന്ന്‌ മാത്രം. അതുകോണ്ട്‌ തന്നെ ഇവ പ്രവര്‍ത്തിപ്പിക്കുവാന്‍ വൈദ്യുതി നേരിട്ട്‌ ആവശ്യമില്ല. സിസ്റ്റത്തിലെ ഏതെങ്കിലുമൊരു യു.എസ്‌.ബി പോര്‍ട്ടുമായി ബന്ധിപ്പിച്ചാല്‍ ഇവ പ്രവര്‍ത്തിച്ചുകൊള്ളും. പവര്‍ ആവശ്യമില്ലാത്ത കൂളിംഗ്‌ പാഡുകളും വിപണിയിലുണ്ട്‌.
സാധാരണയായി രണ്ട്‌ ഫാനുകളാകും പാഡുകളിലുണ്ടാവുക. ചില പാഡുകളിലാകട്ടെ മൂന്ന്‌ ഫാനുകളുമുണ്ട്‌.ഒപ്പം എല്‍.ഇ.ഡി ലൈറ്റുകളുള്ള പാഡുകളും സാധാരണമാണ്‌. പാഡിലെ ഫാന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദം വളരെ നേര്‍ത്തതാണെന്നതിനാല്‍ ഉപയോഗിക്കിമ്പോള്‍ അത്‌ ശല്യമാകുന്നുമില്ല.
കൂളിംഗ്‌ പാഡുകള്‍ വ്യത്യസ്‌ത വലിപ്പത്തിലും നിറത്തിലും ലഭിക്കും. വ്യത്യസ്‌ത മെറ്റീരിയലുകളിലുള്ള പാഡുകളും വിപണിയുല്‍ ലഭ്യമണ്‌. ശരാശരി 3000rpm ഫാന്‍ സ്‌പീഡുള്ളതോ അതിനെക്കാള്‍ കൂടുതലുള്ളതോ ആയ ലാപ്‌ടോപ്പ്‌ കൂളിംഗ്‌ പാഡുകളുണ്ട്‌.
ചൈനീസ്‌ നിര്‍മിതമായതും ചില പ്രമുഖ ഇന്‍ഡ്യന്‍ ബ്രാന്‍ഡുകളുടെതുമായ പാഡുകള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്‌. കൊച്ചിയില്‍ ഇത്തരം പാഡുകള്‍ 450 രൂപ മുതല്‍ക്ക്‌ ലഭിക്കും.

Thursday, 3 April 2008

ആപ്പിളിന്റെ ഐപോഡ്‌ ടച്ച്‌


വാര്‍ത്തകളില്‍ ഏറെ ഇടം നേടി ഒരു സംഭവമായിത്തന്നെ വിപണി കീഴടക്കിയ ആപ്പിളിന്റെ ഐഫോണ്‍ നമ്മുടെ വിപണിയില്‍ ഇതുവരെ എത്തിയില്ലെങ്കിലും, ആപ്പിള്‍ പുറത്തിറക്കിയ ഐപോഡ്‌ ടച്ച്‌ വിപണിയില്‍ ലഭ്യമായിക്കഴിഞ്ഞു. ഐഫോണിലുള്ള നിരവധി സവിശേഷതകള്‍ ഐപോഡ്‌ ടച്ചിലും കാണാമെന്നത്‌ ഹൈ എന്‍ഡ്‌ ഐപോഡ്‌ അന്വേഷിക്കുന്നവര്‍ക്ക്‌ ഐപോഡ്‌ ടച്ചിനെ
ഹരമാക്കുന്നു. ഐഫോണുമായി ഒത്തുനോക്കുമ്പോള്‍(ഫോണ്‍ എന്നത്‌ മാറ്റി നിര്‍ത്തിയാല്‍) ഏറെ സമാനതകള്‍ ഐപോഡ്‌ ടച്ചില്‍ കാണാം. ഇതും ഐപോഡ്‌ ടച്ചിനെ ആരാധകരുടെ ഇഷ്ട ഐപോഡാക്കി മാറ്റുകയാണ്‌.
ആപ്പിള്‍ ഇന്‍കോര്‍പറേഷന്റെ വൈഫൈ മൊബൈല്‍ പ്ലാറ്റ്‌ഫോമുള്ള പോര്‍ട്ടബിള്‍ മീഡിയാ പ്ലെയറാണ്‌ ഐപോഡ്‌ ടച്ച്‌. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ഈ മള്‍ട്ടി ടച്ച്‌ ഐപോഡ്‌ 8, 16, 32ജി.ബി. ഫ്‌ളാഷ്‌ മെമ്മറികളിലാണ്‌ ഇപ്പോള്‍ ലഭ്യമാകുന്നത്‌. സഫാരി വെബ്‌ ബ്രൗസര്‍ അടങ്ങിയ ഈ ഐപോഡ്‌ ഐട്യൂണ്‍ സ്‌റ്റോറുമായി വയര്‍ലെസ്സ്‌ ബന്ധം സാധ്യമാക്കുന്ന ആദ്യത്തെതാണ്‌.
ഐഫോണിലുള്ള മള്‍ട്ടി്‌ ടച്ച്‌ ഇന്റര്‍ഫേസ്‌ തന്നെയാണ്‌ ഐപോഡ്‌ ടച്ചിലുമുള്ളത്‌. എങ്കിലും ഐഫോണിനെക്കാള്‍ ഭാരവും വലിപ്പവും കുറഞ്ഞതാണ്‌ ഐപോഡ്‌ ടച്ച്‌. രണ്ടും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെങ്കിലും ഇതൊരു ഫോണല്ല എന്നതാണ്‌ സത്യം. ഒപ്പം, ഇന്റേണല്‍ സ്‌പീക്കറുകള്‍,ക്യാമറ, ശബ്ദം നിയന്ത്രിക്കാനുള്ള ഫിസിക്കല്‍ ബട്ടണുകള്‍, ബ്ലൂടൂത്ത്‌ സംവിധാനം എന്നിവയുമില്ല. അതേസമയം വൈഫൈ സംവിധാനം ഇതിലുണ്ട്‌്‌.
3.5 ഇഞ്ച്‌ വൈഡ്‌ സ്‌ക്രീന്‍ ഡിസ്‌പ്ലെയാണിതിന്റെത്‌. 8 ജി.ബിയിലാണെങ്കില്‍ 1750 പാട്ടുകളും 16 ജി.ബി യിലാണെങ്കില്‍ 3500 പാട്ടുകളും ഉള്‍ക്കൊള്ളിക്കാം.അതോടൊപ്പം ഫോട്ടോ, വീഡിയോ തുടങ്ങിയവയും ഇതില്‍ സൂക്ഷിക്കാം. ജെ.പി.ഇ.ജി, ബി.എം.പി, ജി.ഐ.എഫ്‌, ടി.ഐ.എഫ്‌.എഫ്‌, പി.എസ്‌.ഡി, പി.എന്‍.ജി ഫോര്‍മാറ്റുകളിലുള്ള ഫോട്ടകളായിരിക്കും ഇത്‌ സപ്പോര്‍ട്ട്‌ ചെയ്യുക.120 ഗ്രാം മാത്രം ഭാരമുള്ള ഐപോഡ്‌ ടച്ചില്‍ മ്യൂസിക്‌ പ്ലേബാക്കില്‍ 22 മണിക്കൂറും വീഡിയോ പ്ലേബാക്കില്‍ 5 മണിക്കൂറും ബാറ്ററി ചാര്‍ജ്‌ ലഭിക്കുമെന്നാണ്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌.
8 ജി.ബി മെമ്മറിയുള്ള ഐപോഡ്‌ ടച്ചിന്‌ കൊച്ചിയിലെ വില 17700 രൂപയാണ്‌. 23600 രൂപ നല്‍കിയാല്‍ 16 ജി.ബിയും 29300 രൂപ നല്‍കിയാല്‍ 32 ജി.ബിയും വാങ്ങാനാകും. ഇയര്‍ഫോണ്‍സ്‌്‌, യു.എസ്‌.ബി കേബിള്‍, ഡോക്ക്‌ അഡാപ്‌റ്റര്‍, പോളിഷിങ്‌ തുണി, സ്‌റ്റാന്‍ഡ്‌ എന്നിവ ഇതിനോടൊപ്പം ഉണ്ടാകും.

ലാപ്‌ടോപ്‌ വാങ്ങുമ്പോള്‍...




മുമ്പ്‌ മൊബൈല്‍ ഫോണിനുണ്ടായിരുന്ന പ്രചാരമാണ്‌ ഇപ്പോള്‍ ലാപ്‌ടോപ്പുകള്‍ക്ക്‌ കൈവന്നിരിക്കുന്നത്‌. ഒരു ഹൈഎന്‍ഡ്‌ മൊബൈല്‍ ഫോണ്‍ വാങ്ങുന്ന വില കൊടുത്താല്‍ നല്ലൊരു ലാപ്‌ടോപ്പു വാങ്ങാനാകുന്ന ഇക്കാലത്ത്‌, തിരഞ്ഞെടുക്കലാണ്‌ ഒരു കീറാമുട്ടിയാകുന്നത്‌. എപ്പോഴും, നമ്മുടെ ആവശ്യം എന്താണെന്ന്‌ ആലോചിച്ച്‌ തീരുമാനിച്ച ശേഷം വാങ്ങാന്‍ പുറപ്പെടുന്നതായിരിക്കും നല്ലത്‌.
ലാപ്‌ടോപ്പുകളെ അടിസ്ഥാനപരമായി വേണമെങ്കില്‍ രണ്ട്‌ വിഭാഗങ്ങളായി തരംതിരിക്കാം; ബിസിനസ്സ്‌ ലാപ്‌ടോപ്പുകളെന്നും വിനോദാവശ്യങ്ങള്‍ക്കുള്ള ലാപ്‌ടോപ്പുകളെന്നും. യഥാര്‍ത്ഥത്തില്‍ ഇത്‌ നമ്മുടെ ഉപയോഗങ്ങള്‍ക്കനുസരിച്ചുള്ള ഒരു തരംതിരിക്കല്‍ മാത്രമാണ്‌. സബ്‌ വൂഫറുകള്‍, ഹൈഡെഫിനീിഷന്‍ മൂവികളും മറ്റും പ്ലേ ചെയ്യാനുതകുന്ന സോഫ്‌റ്റ്‌വെയറുകള്‍,ഫോട്ടോ ഷെയറിങ്‌ സംവിധാനങ്ങള്‍, നല്ല ശബ്ദ സംവിധാനം ഇങ്ങനെയുള്ള സവിശേഷതകള്‍ക്കായിരിക്കും വിനോദാവശ്യങ്ങള്‍ക്കുള്ള ലാപ്‌ടോപ്പില്‍ പ്രാമുഖ്യം. അതേസമയം ബിസിനസ്സ്‌ ലാപ്‌ടോപ്പുകളാകട്ടെ, മറ്റ്‌ ചില സവിശേഷതകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ബാറ്ററി ബാക്കപ്‌, ഉയര്‍ന്ന സുരക്ഷാസംവിധാനങ്ങള്‍, കൂടുതല്‍ കണക്ടിവിറ്റി സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെയായിരിക്കുമിത്‌.
ബിസിനസ്സ്‌ ലാപ്‌ടോപ്പുകളാകട്ടെ, അള്‍ട്രാ പോര്‍ട്ടബിള്‍, ടാബ്‌ലെറ്റ്‌ പി.സികള്‍, ഡോസ്‌ക്ടോപ്പിന്‌ പകരം വയ്‌ക്കാവുന്നത്‌, സാധാരണ ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുണ്ട്‌. വളരെ ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ അള്‍ട്രാ പോര്‍ട്ടബിളുകള്‍ നമ്മുടെ ട്രാവല്‍ ബാഗിനുള്ളില്‍തന്നെ കൊണ്ടുനടക്കാവുന്നതാണ്‌. ഡെസ്‌ക്‌ടോപ്പിന്‌ പകരം വയ്‌ക്കാവുന്ന ലാപ്‌ടോപ്പുകളുമുണ്ട്‌. ഇവയുടെ കോണ്‍ഫിഗറേഷന്‍, സ്‌ക്രീന്‍ വലിപ്പം എന്നിവയൊക്കെ പലപ്പോഴും ഡെസ്‌ക്‌ടോപ്പിന്‌ സമാനവുമായിരിക്കും. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക്‌ ഇത്തരം ലാപ്‌ടോപ്പുകള്‍ അനുയോജ്യമല്ല.സാധാരണ ലാപ്‌ടോപ്പുകളാകട്ടെ വിവിധ വിലകളിലും സവിശേഷതകളിലും മോഡലുകളിലും ലഭിക്കും. ഇതില്‍ നിന്നുള്ള തിരഞ്ഞെടുപ്പാണ്‌ പലപ്പോഴും ബുദ്ധിമുട്ടാകുന്നത്‌.
ലാപ്‌ടോപ്പുകളിലെ പ്രോസസറുകളെ കുറിച്ചുള്ള ഒരു ഏദേശ ധാരണ സിസ്‌റ്റം തെരഞ്ഞടുക്കലിനെ എളുപ്പമാക്കും. ഇന്റല്‍ പ്രോസസറുകള്‍ പ്രധാനമായും മൂന്ന്‌ വിഭാഗങ്ങളിലായാണുള്ളത്‌; ഇന്റല്‍ കോര്‍, പെന്റിയം, സെല്‍റോണ്‍. ഇന്റല്‍ സെന്‍ട്രിനോ മൊബൈല്‍ ടെക്‌നോളജിക്കു കീഴിലാണ്‌ ഇന്റല്‍ പെന്റിയം, കോര്‍ ഫാമിലി പ്രോസസറുകള്‍ വരുന്നത്‌. കോര്‍ ഫാമിലി പ്രോസസറുകളാകട്ടെ പെന്റിയം ഫാമിലി പ്രോസസറുകളെക്കാള്‍ കുറഞ്ഞ പവര്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കോര്‍ 2 എക്‌സ്‌ട്രീം, കോര്‍ 2 ഡ്യുവോ, കോര്‍ 2 സോളോ, കോര്‍ സോളോ എന്നിവയാണ്‌ കോര്‍ പ്രോസസര്‍ ഫാമിലിയില്‍ വരുന്നത്‌.
പഴയ തലമുറ പ്രോസസറുകളില്‍പെട്ട പെന്റിയം എം, പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുകള്‍ ഇപ്പോഴും ചില നോട്ട്‌ബുക്കുകളില്‍ വരുന്നുണ്ട്‌. സെല്‍റോണ്‍ ഫാമിലിയിലെ എക പ്രോസസറായ സെല്‍റോണ്‍ എം ആകട്ടെ എന്‍ട്രി ലെവല്‍ നോട്ട്‌ബുക്കുകളെ ഉദ്ദേശിച്ചുള്ളതാണ്‌.
എ.എം.ഡിയുടെ ട്യൂറിയോണ്‍ 64x2 ഡ്യുവല്‍ കോര്‍, ട്യൂറിയോണ്‍ 64, മൊബൈല്‍ എ.എം.ഡി അത്‌ലോണ്‍ 64, മൊബൈല്‍ എ.എം.ഡി സെംപ്‌ട്രോണ്‍ പ്രോസസറുകളടങ്ങിയ നോട്ട്‌ബുക്കുകളും വിപണിയില്‍ സുലഭമാണ്‌.
പലപ്പോഴും സിസറ്റത്തിനു പുറത്ത്‌ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍ മാത്രം കണ്ട്‌ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസര്‍ എതാണെന്ന്‌ തീരുമാനിക്കാതിരിക്കുക. വില്‍പനക്കാരനോട്‌ പ്രോസസര്‍ ഏതാണെന്ന്‌ വ്യക്തമായി ചോദിച്ച്‌ മനസ്സിലാക്കുക.
ഇനി നോട്ട്‌ബുക്കുകളുടെ മെമ്മറി ആണ്‌ ശ്രദ്ധിക്കേണ്ട മറ്റൊന്ന്‌. നോട്ട്‌ബുക്കുകളില്‍ സാധാരണ രണ്ട്‌ റാം സ്ലോട്ടുകളാണുണ്ടാവുക. വാങ്ങാന്‍ പോകുന്ന നോട്ട്‌ബുക്കിന്റെ റാം 512 എം.ബി ആണെന്ന്‌ കരുതുക. അകെ രണ്ട്‌ സ്ലോട്ടുകളിലായി 256 എം.ബി വീതമോ അല്ലെങ്കില്‍ ഒരു സ്ലോട്ടില്‍ 512 എം.ബി.യോ ആയിട്ടായിരിക്കും ഇത്‌ ഉള്‍പ്പെടുത്തിയിരിക്കുക. രണ്ടാമത്തെ രീതിയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍, ഒഴിഞ്ഞുകിടക്കുന്ന മറ്റേ സ്ലോട്ടില്‍ കൂടുതല്‍ ശേഷിയുള്ള മറ്റൊരു റാം കൂടി ഉള്‍പ്പെടുത്തി സിസ്റ്റത്തിന്റെ മെമ്മറി വര്‍ധിപ്പിക്കാനുമാകും.
ഹാര്‍ഡ്‌ ഡിസ്‌ക്‌ അപ്‌ഗ്രേഡ്‌ ചെയ്യുക എന്നത്‌ നോട്ട്‌ബുക്കുകളെ സംബന്ധിച്ച്‌്‌ ചെലവു കൂട്ടുന്നതാണ്‌. അതുകോണ്ട്‌ സിസ്റ്റം വാങ്ങുന്ന സമയത്തു തന്നെ ആവശ്യത്തിനനുസരിച്ച്‌ സംഭരണ ശേഷിയുള്ള സിസ്‌റ്റം തിരഞ്ഞെടുക്കണം. അതുപോലെ ആര്‍.പി.എം സ്‌പീഡ്‌ കൂടുതലുള്ള സിസ്റ്റം തിരഞ്ഞടുക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള വീഡിയോ കാര്‍ഡായിരിക്കണം സിസ്‌റ്റത്തിലുണ്ടാകേണ്ടത്‌.
ലിനക്‌സ്‌, വിന്‍ഡോസ്‌ എക്‌സ്‌പി, വിന്‍ഡോസ്‌ വിസ്‌റ്റ ഓപ്പറേറ്റിംഗ്‌ സിസ്റ്റംസ്‌ ആണ്‌്‌ സാധാരണ ഉപയോഗിക്കന്നത്‌. ഇതില്‍ നിങ്ങളുടെ ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക.
ഈ പറഞ്ഞവയൊക്കെ ഒരു നോട്ട്‌ബുക്കിനെ സംബന്ധിച്ചുള്ള പ്രാധമിക കാര്യങ്ങള്‍ മാത്രമാണ്‌. അത്‌കൊണ്ട്‌ തന്നെ നിങ്ങളുടെ അഭിരുചിക്കും ആവശ്യത്തിനുമനുസരിച്ചുള്ള സിസ്റ്റം വാങ്ങാനായിരിക്കണം ശ്രദ്ധിക്കേണ്ടത്‌.