ഗൂഗിള്‍ ആഡ്‌സെന്‍സിന്റെ ഉപജ്ഞാതാവും ജി-മെയില്‍ ഡെവലപ്പര്‍മാരില്‍ പ്രമുഖനുമായ പോള്‍ ബുച്ചീറ്റ് ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മരണം പ്രവചിച്ചതിനു പിന്നാലെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ റിച്ചാഡ് സ്റ്റാള്‍മാനും ക്രോം ഓ എസ്സിനെതിരെ രംഗത്ത്. കഌഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ശുദ്ധ മണ്ടത്തരം എന്നാണ് സ്റ്റാള്‍മാന്‍ അവകാശപ്പെടുന്നത്. ഉപയോക്താവിന്റെ എല്ലാ അവകാശങ്ങളെയും നഷ്ടപ്പെടുത്തുന്ന അലസ കമ്പ്യൂട്ടിങ്ങിനു വഴിവയ്ക്കുന്നതാണ് ക്രോം ഓ എസ്സ് എന്നും സ്റ്റാള്‍മാന്‍ പറയുന്നു. പരമ്പരാഗത കമ്പ്യൂട്ടിങ് സമ്പ്രദായങ്ങള്‍ക്കു പകരം, ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ എല്ലാ വിവരങ്ങളെയും ക്ലൗഡിലേക്ക് മാറ്റുകയാണ് എല്ലാ ആപ്ലിക്കേഷനുകളും ബ്രൗസറിലൂടെ പ്രവര്‍ത്തിക്കുന്ന ക്രോം ചെയ്യുന്നതെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കപ്പെടുമ്പോള്‍ ഒരാളുടെ കമ്പ്യൂട്ടറിലെ വിവരങ്ങളെല്ലാം ബുദ്ധിപരമായ നീക്കത്തിലൂടെ മറ്റൊരാള്‍ക്ക് നിയന്തിക്കാനാകുമെന്നും സ്റ്റാള്‍മാന്‍ പറയുന്നു. 'നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്വകാര്യ വിവരങ്ങള്‍, അണ്ടനും അടകോടനും നിയന്ത്രിക്കുന്നതും നിങ്ങള്‍ക്കായി കമ്പ്യൂട്ടിംഗ്് നടത്തുന്നതും' നല്ലതാണോ എന്നാണ് റിച്ചാഡ് സ്റ്റാള്‍മാന്‍ ചെദിക്കുന്നത്. അമേരിക്കയില്‍ നിലവിലുള്ളൊരു നിയമം ചൂണ്ടിക്കാട്ടിയും സ്റ്റാള്‍മാന്‍ ക്രോം ഓ എസ്സിനെ ആക്രമിക്കുന്നുണ്ട്. അമേരിക്കയില്‍ നിലവിലുള്ള നിയമമനുസരിച്ച് ഒരാളുടെ സ്വകാര്യ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പോലീസിന് പരിശോധിക്കണെമങ്കില്‍ വാറണ്ട് ആവശ്യമാണ്. എന്നാല്‍ ഒരു കമ്പനിയിലെ കമ്പ്യൂട്ടറില്‍ അവിടുത്തെ ജീവനക്കാരന്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ പോലീസിന് പരിശോധിക്കാന്‍ വാറണ്ടിന്റെ ആവശ്യവുമില്ല. ഇത്തരം ഒരു പ്രശ്‌നവും ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ ഉണ്ടെന്നും സ്റ്റാള്‍മാന്‍ അഭിപ്രായപ്പെടുന്നു. എന്നാള്‍ സംവാദങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഗൂഗിള്‍ പറയുന്നത് ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ക്ക് ഒട്ടും സ്വകാര്യത നഷ്ടമാകില്ലെന്നും അവയുടെ നിയന്ത്രണം അവര്‍ക്കു തന്നയായിരിക്കുമെന്നുമാണ്. അതേസമയം, പോള്‍ ബുച്ചീറ്റിന്റെ അഭിപ്രായം മറ്റൊന്നാണ്.അടുത്ത ഒരു കൊല്ലത്തിനപ്പുറം ക്രോം ഓ എസ്സിന് ആയുസ്സില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അല്ലെങ്കില്‍ ക്രോം ഓ എസ്സ് ആന്‍ഡ്രോയിഡുമായി ലയിക്കുമെന്നും അദ്ദേഹം പറയുന്നു. ട്വി്‌ററിന് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോള്‍ ബുച്ചീറ്റിന്റെ ഫ്രണ്ട് ഫീഡ് അക്കൗണ്ടിലാണ് ഇത്തരത്തിലൊരു അഭിപ്രായം അദ്ദേഹം കുറിച്ചിട്ടത്. ക്രോം ഓ എസ്സ് ആന്‍ഡ്രോയിഡുമായി ലയിക്കുകയാണെങ്കില്‍ കൂടുതല്‍ കരുത്തോടെ ആന്‍ഡ്രോയിഡിന് മത്സര രംഗത്ത് പിടിച്ചു നില്‍ക്കാനാവുമെന്നും ബുച്ചീറ്റ് പറയുന്നു. പോള്‍ ബുച്ചീറ്റിന്റെയും റിച്ചാഡ് സ്റ്റാള്‍മാന്റെയും അഭിപ്രായങ്ങള്‍ ഇത്തരത്തില്‍ പുറത്തു വന്നതോടെ ഇന്റര്‍നെറ്റിലെ സാങ്കേതികലോകത്ത് അത് പുതിയ ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്.
Sunday, 19 December 2010
Tuesday, 7 December 2010
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നടെലിവിഷനുമായി തോഷിബ
വൈദ്യുതി ഇല്ലെങ്കില്‍ ബാറ്ററിയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന ടെലിവിഷനുകള്‍ എത്തുന്നു. തോഷിബയാണ് ഇത്തരം ടെലിവിഷന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് സാധ്യമായാല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വലിയ സ്‌ക്രീന്‍ ടെലിവിഷനാകുമിത്. വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതും വൈദ്യുതിക്ഷാമം നേരിടുന്നതുമായ ഇടങ്ങളെ ഉദ്ദേശിച്ചാണ് തോഷിബ ഇത്തരമൊരു ടി വിക്കായുള്ള പ്രയത്‌നം നടത്തുന്നത്. പി സി 1 നിലവാരത്തിലുള്ള മോണിട്ടറുകളായിരിക്കും തോഷിബ വികസിപ്പിക്കുക. 24, 32 ഇഞ്ച് മോണിട്ടറുകളായിരിക്കുമിത്. രണ്ടുമണിക്കൂറോളം ബാറ്ററി ബാക്കപ് കിട്ടുന്നവയായിരിക്കുമിതെന്ന് തോഷിബ ചൂണ്ടിക്കാട്ടുന്നു. സിഗ്നല്‍ ശക്തി കുറവുമൂലം ടി വി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി ടി വിയില്‍ ഒരു സിഗ്നല്‍ ബൂസ്റ്ററുമുണ്ടാകും. അതുപോലെ പ്രകാശ വ്യതിയാനത്തിനനുസരിച്ച് ഡിസ്‌പ്ലെയില്‍ മാറ്റം വരുത്താനുതകുന്ന ' ഓട്ടോ വ്യൂ ' സംവിധാനവും തോഷിബയുടെ ഈ പുതിയ ടി വി യിലുണ്ടാകും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായേക്കാവുന്ന ഈ ടി വിയുടെ വിലയെന്തായിരിക്കുമെന്ന് തോഷിബ വെളിപ്പെടുത്തിയിട്ടില്ല.
Monday, 22 November 2010
ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും ഫോണുകള്‍
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ജിഞ്ചര്‍ ബ്രെഡ് എന്ന് കോഡ് നാമമുള്ള ആന്‌ഡ്രോയ്ഡ് 2.3 പതിപ്പിലായിരിക്കും ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തിലാണ് ഷ്മിഡ്റ്റ് പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍, ആന്‍ഡ്രോയ്ഡ് സോഫ്റ്റവെയറും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇത് പരിചയപ്പെടുത്തിയത്.( എന്നാല്‍ ഈ ഫോണ്‍, സാംസങ് പുറത്തിറക്കാനുദ്ദേശിച്ചിട്ടുള്ള നെക്‌സസ് ഒന്നിന്റെ പിന്‍മുറക്കാരന്‍ നെക്‌സസ് എസ് ആണെന്ന സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടെത്രെ.)
പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സാങ്കേതികത തന്നെയാണ് നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ ഉപയോഗിക്കുന്ന ഒരു ചിപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പറോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം മുഖേനയോ ആണ് കാര്‍ഡിനു പകരമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ സാധ്യമാക്കുന്നത്.
പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരമയി ഫോണ്‍ ഉപയോഗിക്കുന്നതിനെ ഏറെക്കാലമായി പലരും പ്രതീക്ഷിക്കുന്നണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, വരും കാലങ്ങളില്‍ ഡെസ്‌ക് ടോപ്പുകള്‍ക്ക് പകരമായിപ്പോലും മൊബൈല്‍ ഫോണ്‍ വളര്‍ന്നേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Tuesday, 16 November 2010
പ്രകാശം ഊര്‍ജ്ജമാക്കി ഒരു കീബോര്‍ഡ്
വൈദ്യുതി ഒഴിവാക്കി പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡും രംഗത്തെത്തിക്കഴിഞ്ഞു. ലോജിടെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വയര്‍ലെസ്സ് കീബോര്‍ഡാണ് ഈ പുതുതലമുറക്കാരന്‍. കെ 750 എന്നു പേരിട്ടിരിക്കുന്ന ഈ കീബോര്‍ഡ് അടിസ്ഥാനപരമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും ഒരു മുറിക്കുള്ളിലെ വൈദ്യുതി വിളക്കിന്റെ പ്രകാശത്തില്‍ നിന്നുപോലും ഊര്‍ജ്ജം സ്വീകരിക്കും.
2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റി ഉപയോഗിക്കുന്ന കെ750 അമേരിക്കയിലായിരിക്കും ലഭ്യമാവുക. 80അമേരിക്കന്‍ ഡോളര്‍ വിലവരുന്ന ( ഏകദേശം 3550 രൂപ ) ഇതിന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് ഔദ്യോഗീക അറിയിപ്പൊന്നുമില്ല.
വിരല്‍ത്തുമ്പുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ തരത്തില്‍ തന്നെയാണ് ഇതിലെ കീകള്‍ ലോജിടെക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനീകമായ 2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റിയാണ് ഇതില്‍ ഉപയോഗിക്കുന്നുവെന്നതിനാല്‍ ലിവിംഗ് റൂമിലോ വ്യക്തിഗത മുറിയിലോ എവിടെ വേണമെങ്കിലും ഇരുന്ന് ഈ കീബോര്‍ഡ് ഉപയോഗിക്കാനുമാകും. കമ്പ്യൂട്ടറിലും കീബോര്‍ഡിലും ഉപയോഗിക്കുന്ന വളരെ ചെറിയ റിസീവറാണ് ഇത് സാധ്യമാക്കുന്നത്.
കീബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനല്‍ പ്രകാശ ഉറവിടത്തില്‍ നിന്ന് കീബോര്‍ഡിനായി ഊര്‍ജ്ജം സ്വീകരിച്ചുകൊള്ളും. അതായത് സൂര്യപ്രകാശത്തില്‍ നിന്നുമാത്രമല്ല, രാത്രിയില്‍ മുറിക്കുള്ളിലെ വെളിച്ചം ഉപയോഗിച്ചും കീബോര്‍ഡിനാവശ്യമായ ഊര്‍ജം ലഭിക്കുമെന്നര്‍ത്ഥം. അങ്ങനെ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ലോജിടെക്.
Thursday, 7 October 2010
വിന്‍ഡോസ് സ്ലേറ്റ് ക്രിസ്‌തുമസ്സിനെത്തും
ഐപാഡില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ മൈക്രോസോഫ്‌റ്റിന്റെ ബദലായ വിന്‍ഡോസ് സ്ലേറ്റ് ഈ ക്രസ്‌തുമസ്സ് കാലത്തു തന്നെ വിപണിയിലെത്തും. ഇതു സംബന്ധിച്ച സൂചന മൈക്രോസോഫ്‌റ്റ് സി ഇ ഒ സ്റ്റീവ് ബാമര്‍ തന്നെയാണ് കഴിഞ്ഞദിവസം നല്‍കിയത്. ഒക്ടോബര്‍ 11ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കുന്ന വിന്‍ഡോസ് ഫോണ്‍ സംബന്ധിച്ച മാധ്യമ സമ്മേളനത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചേക്കുമെന്ന് സാങ്കേതിക ബ്ലോഗുകളും മറ്റും സൂചന നല്‍കുന്നു. ആപ്പിള്‍ ഐപാഡ് അവതരിപ്പിച്ചതുമുതല്‍ക്കുതന്നെ ഈ മേഖല സംബന്ധിച്ച് മൈക്രോസോഫ്‌റ്റിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നല്‍ ഇക്കൊല്ലം ആദ്യം തന്നെ വിന്‍ഡോസ്7 അടിസ്ഥാനമാക്കിയുള്ള സ്ലേറ്റ് എത്തുമെന്ന് പ്രചരിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ പുറത്തിറക്കി ആദ്യത്തെ 80ദിവസംകൊണ്ടുതന്നെ ആപ്പിള്‍ ഐപാഡ് 3ദശലക്ഷം യൂണിറ്റുകള്‍ വിറ്റതോടെയാണ് മൈക്രോസോഫ്‌റ്റ് ഉണര്‍ന്നത്. ഇപ്പോഴാകട്ടെ നാലുമാസം കൊണ്ട് 4.5ദശലക്ഷം ഐപാഡാണ് ആപ്പിള്‍ ശരാശരി വില്‍ക്കുന്നത്.വിവിധതരത്തിലുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ പദ്ധതികളാണ് തങ്ങള്‍ക്കുള്ളതെന്നാണ് ഇക്കൊല്ലം ആദ്യം മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നത്. അതേസമയം ഐപാഡ് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ മൈക്രോസോഫ്‌റ്റിന്റെ കൊറിയര്‍ പദ്ധതി റദ്ദാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇരട്ട സ്‌ക്രീനും മറ്റുനിരവധി സവിശേഷതകളുമുള്ള ടാബ്‌ലെറ്റ് പദ്ധതിയായിരുന്നു അത്.ഐപാഡിനു ചുട്ടമറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ മൈക്രോസോഫ്‌റ്റ് നടത്തിയിരുന്നത്. നൊട്ട്‌ബുക്ക് വില്‍പനയില്‍ ഒരു കുതിച്ചു ചാട്ടമുണ്ടായപ്പോള്‍ ഐപാഡ് വിന്‍ഡോസിന്റെ വില്‍പനയെ പതുക്കെ വിഴുങ്ങുന്നത് മൈക്രോസോഫ്‌റ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ 11ന് നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ സ്ലേറ്റ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നത്.
