Thursday, 9 June 2011

വിരലിലണിയാം ഈ മൗസ്











കമ്പ്യൂട്ടര്‍ മൗസുകള്‍ പല രൂപത്തിലും വര്‍ണ്ണത്തിലുമൊക്കെ എത്തി തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ വിരലിലണിയാനാകുന്ന ഒരു മോതിരരൂപത്തിലും മൗസ് പുറത്തിറങ്ങിക്കഴിഞ്ഞു.തൈവാന്‍ കേന്ദ്രമായുള്ള പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ ജീനിയസ് ആണ് ഇത്തരത്തില്‍ പുതുമയുള്ളൊരു രൂപത്തില്‍ മൗസ് പുറത്തിറക്കിയിരിക്കുന്നത്. വെബ് ബ്രൗസിങും പ്രസന്റേഷനും ഒക്കെ വിരല്‍തുമ്പില്‍ വച്ച്് നിയന്ത്രിക്കാനാകുന്ന ഈ കുഞ്ഞന്‍ മൗസ് വയര്‍ലെസ്സ് ആണ്. ടച്ച് കണ്‍ട്രോള്‍ സാങ്കേതികതയാണ് ഈ മോതിരമൗസില്‍ ഉപയോഗിച്ചിട്ടുള്ളത്. 1000 ഡി പി ഐയിലുള്ളതാണ് ഈ മൗസെന്നതിനാല്‍ ഉപയോഗിക്കല്‍ വളരെ സൗകര്യപ്രദവും സുഖപ്രദവുമാണ്. ഇതിന്റെ 2.4 ജിഗാഹെട്‌സ് റിമോട്ട് കണ്‍ട്രോളര്‍ പത്ത് മീറ്റര്‍വരെ ദൂരത്തിനുള്ളില്‍ നിന്ന് ഇത് ഉപയോഗിക്കുന്നത് സാധ്യമാക്കും. അതുപോലെ, ഇതിലുപയോഗിച്ചിരിക്കുന്നത് ലിത്തിയം ബാറ്ററി എന്നതിനാല്‍ യു എസ് ബി വഴി ചാര്‍ജ് ചെയ്യാനുമാകും. 2.4ജിഗാഹെട്‌സ് വയര്‍ലെസ്സ് സാങ്കേതികയായതിനാല്‍ തടസ്സങ്ങള്‍ കുറവായിരിക്കും. അതുപോലെ ഊര്‍ജോപയോഗവും കുറവായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.ഒപ്‌റ്റോ വീല്‍ ടച്ച് കണ്‍ട്രോള്‍, എയര്‍ കഴ്‌സര്‍ ആന്‍ഡ് സ്‌ക്രോളിങ് തുടങ്ങിയവയൊക്കെ ഇതിന്റെ പ്രത്യേകതയാണ്.

Friday, 11 March 2011

ആന്‍ഗ്രി ബേഡ്‌സ് ഫേസ്ബുക്കിലേക്ക്

ലോകപ്രശസ്ത മൊബൈല്‍ ഗെയിമായ ' ആന്‍ഗ്രി ബേഡ്‌സ് ' ഫേസ്ബുക്കിലേക്കുമെത്തുന്നു. ലോകത്തെമ്പാടുമായി 75 ദശലക്ഷം തവണയിലധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകൊിരിക്കുകയും ചെയ്യുന്ന ആന്‍ഗ്രി ബേഡ്‌സിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള ചേക്കേറല്‍ ഔന്നുരുമാസത്തിനുള്ളില്‍ തന്നെ സാധ്യമായേക്കും. പസില്‍ വീഡിയോ ഗെയിമായ ആന്‍ഗ്രി ബേഡ്‌സ് ഫിന്നിഷ് കമ്പനിയായ റോവിയോ മൊബൈല്‍ ആണ് പുറത്തിറക്കിയത്. 2009 ഡിസംബറില്‍ ആപ്പിള്‍ ഐ ഒ എസ്സിന് വേിയായിരുന്നു അത്. അന്നു മുതല്‍ക്ക് ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് 12 ദശലക്ഷത്തിലധികം പകര്‍പ്പുകളാണ് വിറ്റഴിക്കപ്പെട്ടത്. ഈയൊരു വിജയം ആന്‍ഗ്രി ബേഡ്‌സിന്റെ മറ്റ് ഉപകരണങ്ങളിലേക്കുള്ള പതിപ്പുകള്‍ വികസിപ്പിക്കാന്‍ റോവിയോ മൊബൈലിനെ പ്രേരിപ്പിച്ചു. അങ്ങനെ ഐഫോണില്‍ നിന്നും ഐപോഡിലേക്കും ടച്ച് സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണിലേക്കും പിന്നീട് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളിലേക്കുമൊക്കെ ആന്‍ഗ്രി ബേഡ്‌സ് പറന്നിറങ്ങി. ഇതിന്റെ ജനപ്രിയത ഈ ഗെയിമിനെ പെഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കും ഗെയിം കണ്‍സോളുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ഉടനിത് വിന്‍ഡോസ് ഫോണ്‍7 ഉപകരണങ്ങിലും എത്തും. ഈ ഗെയിമിനെ പിന്തുണയ്ക്കുന്ന മറ്റുചില ഉള്ളടക്കങ്ങള്‍കൂടി റോവിയോ പുറത്തിറക്കുകയും ചെയ്തു. ആന്‍ഗ്രി ബേഡ്‌സുമായി ബന്ധപ്പെട്ട് ഒരു അനിമേറ്റഡ് ചലച്ചിത്ര നിര്‍മാണത്തിന് റോവിയോയും ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സും തമ്മില്‍ കരാറായിക്കഴിഞ്ഞു. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ച പന്നികളെ പക്ഷികള്‍ ഇല്ലായ്മ ചെയ്യുന്നതാണ് ഗെയിം. ഇതില്‍ പക്ഷിക്കൂട്ടങ്ങളുടെ നിയന്ത്രണമാണ് കളിക്കാരനുള്ളത്. വിവിധ തരത്തിലുള്ള പക്ഷികളെയാണ് ഈ ഗെയിമില്‍ ഉപയോഗിച്ചിട്ടുള്ളത്. മറ്റു പ്ലാറ്റ്‌ഫോമുകളിലുള്ള ആന്‍ഗ്രി ബേഡ്‌സ് അനുഭവമായിരിക്കില്ല ഫേസ്ബുക്കിലേതെന്ന് റോവിയോ സ്റ്റുഡിയോ തലവന്‍ മൈക്കേല്‍ ഹെഡ് വ്യക്തമാക്കുന്നു. അതുപോലെ പന്നികള്‍ക്ക് ഗെയിമില്‍ കൂടുതല്‍ പ്രധാനപ്പെട്ട റോളുാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടു്.

Thursday, 10 March 2011

ക്‌ലൗഡ് ആയിക്കോ; ബാക്കപ്പ് മറക്കരുത്

ഓണ്‍ലൈനില്‍ ശേഖരിച്ച് സുക്ഷിച്ചിരിക്കുന്ന വിവരങ്ങളെല്ലാം പെട്ടെന്നൊരു ദിവസം തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോകുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ആലോചിക്കാനാവുന്നില്ല അത്, അല്ലേ. ഇത്തരം സേവനങ്ങള്‍ നല്‍കുന്നവര്‍ ഒരുപക്ഷേ ക്ഷമാപണം നടത്തി കൈകഴുകും. നഷ്ടം നമുക്കു മാത്രമായിരിക്കും.
വിലപ്പെട്ട രേഖകളും ചിത്രങ്ങളും സന്ദേശങ്ങളും വിവരങ്ങളുമെല്ലാം വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടുപോകുമോ ഈ ക്ലൗഡ് യുഗത്തില്‍ എന്ന ചിന്തയ്ക്ക് പ്രസക്തിയേറുകയാണ്. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ജിമെയില്‍ ഉപഭോക്താക്കള്‍ നേരിട്ട ദുര്‍ഗതിക്ക് ശേഷം വിശേഷിച്ചും.
നാല്പതിനായിരത്തിലേറെ ജിമെയില്‍ യൂസര്‍മാരാണ് പെട്ടന്ന് തങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളില്‍ മിക്കതും നഷ്ടപ്പെട്ട അവസ്ഥ നേരിട്ടത്. അവരുടെ മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗശൂന്യമാവുകയോ അല്ലെങ്കില്‍ അക്കൗണ്ടിലെ മെയിലുകളും ലേബലുകളും ഫോള്‍ഡറുകളും സെറ്റിങ്ങുകളുമൊക്കെ ഡിലീറ്റ് ചെയ്തുപോകുകയോ ചെയ്തു.
ഇത്തരമൊരവസ്ഥ ജിമെയിലിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും മെയിലിലോ മാത്രമല്ല, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന എവിടെയും സംഭവിക്കാമെന്നിരിക്കെ, 'ബാക്കപ്പ'് (ആമരസ ൗു) എന്നതു മാത്രമാണ് ഇതിനൊരു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത്.
നമ്മുടെ ജോലിയും ആശയവിനിമയവും ആയി ബന്ധപ്പെട്ട് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഒട്ടനധി സേവനങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ ഡോക്‌സ്, മൈക്രോസോഫ്ട് ഓഫീസ് ലൈവ്, വേഡ്പ്രസ്സ്, ഫ്‌ലക്കര്‍, ബ്ലോഗര്‍, പിക്കാസ്സ തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടുന്നു.
നമ്മുടെ ഡാറ്റ നഷ്ടപ്പെട്ടാല്‍, സൗജന്യ സേവനം ലഭ്യമാക്കുന്ന ഇവയ്ക്ക് ഒരു ക്ഷമാപണം നടത്തി കടന്നുപോകാനാകും. അതുകൊണ്ട് ഇവയിലെല്ലാം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വിവരങ്ങളുടെ ബാക്കപ്പ് എടുത്തു വയ്ക്കണമെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് നാം ഓണ്‍ലൈനില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ക്കായി എടുത്തിരിക്കുന്ന സുരക്ഷാവലയത്തിനു മേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നാണ് അര്‍ഥമാക്കുന്നത്.
ജിമെയിലിന്റെ കാര്യത്തിലാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ ഇവയുടെ ലോക്കല്‍ ബാക്കപ്പ് എടുക്കുന്നതിന് ജഛജ3/കങഅജ ഇമെയില്‍ ക്ലയന്റുകളായ മോസില തണ്ടര്‍ബേഡ്, ആപ്പിളിന്റെ മെയില്‍ ആപ്ലിക്കേഷന്‍, അല്ലെങ്കില്‍ വിന്‍ഡോസ് ലൈവ് മെയില്‍ എന്നിവയിലൂടെ സാധിക്കും. ഈ ഇമെയില്‍ ക്ലയന്റുകളിലൊന്നിനെ സ്ഥിരമായി ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഇതിനായി ഒരു ഡെസ്‌ക്‌ടോപ്പ് പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. ഈ ഡെസ്‌ക്‌ടോപ്പ് ക്ലയന്റ് മാസത്തില്‍ ഒരിക്കലാണ് ഉപയോഗിക്കുന്നതെങ്കില്‍ പോലും നിങ്ങളുടെ ഇമെയിലുകളെ ബള്‍ക്കായി ഓഫ്‌ലൈനില്‍ സൂക്ഷിക്കാനാകും.
ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ മുഴുവന്‍ വിവരങ്ങളെയും സിപ് ഫയലാക്കി എക്‌സ്‌പോര്‍ട്ട് ചെയ്യാവുന്ന ഒരു ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഫെയ്‌സ്ബുക്ക് എക്‌സ്‌പോര്‍ട്ട് ടൂളിലുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതിയാകും ഇതിന് (അക്കൗണ്ട് സെറ്റിങ്‌സിലുള്ള ' റീംിഹീമറ ്യീൗൃ ശിളീൃാമശേീി' ല്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും).
ഇതേത്തുടര്‍ന്ന് നിങ്ങളുടെ ഇമെയിലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇടയ്ക്കിടെ ഇത് ചെയ്യുകയാണെങ്കില്‍ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന 'വിവരങ്ങള്‍ നഷടപ്പെടല്‍ ' പോലുള്ള അത്യാഹിതത്തില്‍ നിന്ന് രക്ഷനേടാനാകും.
ബ്ലോഗര്‍മാരുടെ എണ്ണം കുറയുന്നു എന്നത് സത്യമാണെങ്കില്‍പ്പോലും ബ്ലോഗില്‍ അപ്‌ലോഡുചെയ്ത വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ മിക്കവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട്, നിങ്ങള്‍ കഷ്ടപ്പെട്ട് തയ്യാറാക്കിയവ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഹാര്‍ഡ് ഡിസ്‌കിലേക്ക് സേവ് ചെയ്യുക. നിലവിലുള്ള മിക്ക ബ്ലോഗെഴുത്തു പ്രോഗ്രാമുകളും പ്രമുഖ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുകളായ ബ്ലോഗര്‍, വേഡ്പ്രസ്സ്, ടംബ്ലര്‍ എന്നിവയെ പിന്തുണക്കുന്നവയാണ്. ഇവയൊക്കെ നാം പോസ്റ്റ് ചെയ്യുന്നവയെ സൂക്ഷിച്ചുവയ്ക്കുന്നവയുമാണ്.
അതുപോലെ മൈക്രോസോഫ്ടിന്റെ പ്രോഗ്രാമായ വിന്‍ഡോസ് ലൈവ് റൈറ്റര്‍ നിങ്ങള്‍ പോസ്റ്റുചെയ്യുന്ന ഓരോന്നിനെയും ഡോക്യുമെന്റ്‌സ് ഫോള്‍ഡറിലെ 'മൈ വെബ്ലോഗ് പോസ്റ്റി'ല്‍ സൂക്ഷിക്കുന്നവയുമാണ്. ഇതുവരെയുള്ള നിങ്ങളുടെ പോസ്റ്റുകളെ എക്‌സ്‌പോര്‍ട്ടുചെയ്യാനുള്ള സൗകര്യമൊരുക്കുന്നവയുമാണ് മിക്ക ബ്ലോഗ് സര്‍വീസുകളും.
തങ്ങളുടെ ട്വീറ്റുകള്‍ എപ്പോഴത്തേക്കുമായി സൂക്ഷിക്കണമെന്ന് ഒരുപാടു പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. നെറ്റ് ന്യൂസ്‌വയര്‍ (മാക്കിന്), ഫീഡ് ഡെമണ്‍ (വിന്‍ഡോസിന്) പോലുള്ള ഡെസ്‌ക്‌ടോപ്പിലുപയോഗിക്കുന്ന ആര്‍ എസ് എസ് റീഡറുകളുപയോഗിച്ച് നിങ്ങളുടെ തന്നെ ട്വിറ്റര്‍ ഫീഡുകളെ സ്വീകരിക്കാനാകും. എന്നാല്‍ മിക്ക ഡെസ്‌ക്ടോപ്പ് പ്രോഗ്രാമുകളും ആര്‍ എസ് എസ് വഴിയുള്ള ഡൗണ്‍ലോഡുകളെ ഒരു പരിധി കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നവയാണ്. പഴയ ട്വീറ്റുകളെ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേക്ക് എക്‌സ്‌പോര്‍ട്ടുചെയ്യുന്ന ട്വീറ്റ് ബാക്കപ്പ്, ട്വീറ്റ് സ്‌കാന്‍ ബാക്കപ്പ് തുടങ്ങിയ സൗജന്യ സേവനങ്ങളെ ഉപയോഗിക്കുക എന്നുള്ളതാണ് മറ്റൊരു വഴി. ഇതിനും ട്വീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ചില പരിമിതികളുണ്ട്.
വിവരങ്ങള്‍ ബാക്കപ്പ് ചെയ്യുക എന്നത് ഒരുതരത്തില്‍ മെനക്കെട്ട പണിയാണെങ്കിലും അത് ചെയ്യുക തന്നെയാണ് നല്ലത്. കാരണം, നാം സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിനെക്കാള്‍ അതാണല്ലോ നന്ന്. ജിമെയിലില്‍ സംഭവിച്ച ദുര്യോഗം നല്‍കുന്ന മുന്നറിയിപ്പും ഇതു തന്നെയാണ്.

Monday, 31 January 2011

സൂക്ഷിക്കുക, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ചതിച്ചേക്കാം

'കടിക്കുന്ന പട്ടിയെ കാശു കൊടുത്ത് വാങ്ങുക' എന്ന് കേട്ടിട്ടില്ലേ. ഇതുമായി ഉപമിക്കേണ്ടി വരുമോ മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാന്‍ മറ്റുള്ളവരെ സഹായിക്കുന്ന ഉപകരണങ്ങളാണോ പോക്കറ്റില്‍ നമ്മള്‍ കൊണ്ടുനടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളെ അങ്ങനെ സംശയിക്കേണ്ടി വരും. ഫോണ്‍ അഡ്രസ്സ്ബുക്കിലെ നമ്പറുകള്‍, ഫോണിന്റെ യുണീക് ഐഡി തുടങ്ങിയവയൊക്കെ മറ്റുള്ളവര്‍ക്ക് നമ്മളറിയാതെ കവര്‍ന്നെടുക്കാനാകുമത്രേ.
ഫോണില്‍ നാമുപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളാണ് ഈ മോഷണത്തിന് വഴിയൊരുക്കുന്നത്. 101 പ്രമുഖ ഫോണ്‍ ആപ്ലിക്കേഷനുകളെപ്പറ്റി 'വാള്‍ സ്ട്രീറ്റ് ജേണല്‍' അടുത്തയിടെ നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരം ലഭിച്ചത്. പഠനവിധേയമാക്കിയ ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ 'മോഷണം' സാധ്യമാക്കുന്നവ എന്നാണ് കണ്ടെത്തിയത്.
സൈബര്‍ ക്രിമിനലുകള്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസില്‍ നിന്ന്, ജനപ്രീതിയാര്‍ജിച്ച മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ തിരിക്കുന്നതായുള്ള നെറ്റ് ഭീമന്‍ 'സിസ്‌കോ' പുറത്തിറക്കിയ റിപ്പോര്‍ട്ടുമായി ഇത് ചേര്‍ത്ത് വായിക്കാവുന്നതാണ്. സ്മാര്‍ട്ടോഫോണുകളെയും മൊബൈല്‍ സോഫ്ട്‌വേറുകളെയും, അതുവഴി ഫോണ്‍ ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് 2011 സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കുന്ന 101 പ്രമുഖ ആപ്ലിക്കേഷനുകളാണ് വാള്‍സ്്ട്രീറ്റ് ജേണല്‍ പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ 56 ആപ്ലിക്കേഷനുകളും ഉപയോക്താവിന്റെ അനുമതിയില്ലാതെ ഫോണിന്റെ യുനീക് ഐഡി മറ്റു കമ്പനികള്‍ക്ക് അയക്കുന്നതായി കണ്ടെത്തി. നാല്‍പത്തിയേഴെണ്ണം ഫോണിന്റെ ലൊക്കേഷന്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മറ്റു കമ്പനികള്‍ക്ക് നല്‍കുന്നു. അഞ്ച് ആപ്ലിക്കേഷനുകളാകട്ടെ, ഉപയോഗിക്കുന്ന ആളിന്റെ പ്രായവും സ്വകാര്യ വിവരങ്ങളും മറ്റു കമ്പനികള്‍ക്ക് നല്‍കുന്നവയായിരുന്നു.
ഓണ്‍ലൈന്‍ ട്രാക്കിങ് കമ്പനികള്‍ക്കായയാണ് ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത്. ആന്‍ഡ്രോയിഡിനെ അപേക്ഷിച്ച് ഇത്തരത്തില്‍ മോഷണം നടത്തുന്ന ആപ്ലിക്കേഷനുകള്‍ മിക്കതും ഐഫോണിലേതായിരുന്നു. 101 ആപ്ലിക്കേഷനുകള്‍ പരിശോധിച്ചപ്പോഴുള്ള സ്ഥതി ഇതാണെങ്കില്‍ ആയിരക്കണക്കിനു വരുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ എങ്ങനെയുള്ളതായിരിക്കുമെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്.
പ്രമുഖ മ്യൂസിക് ആപ്ലിക്കേഷനായ പാന്‍ഡോരയുടെ ഐഫോണ്‍, ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഉപയോക്താവിന്റെ പ്രായം, ലിംഗം, ഫോണിന്റെ യുനീക് ഐഡി, ലൊക്കേഷന്‍ തുടങ്ങിവ വിവിധ പരസ്യശൃംഖലകളിലേക്ക് നല്‍കിയതായാണ് പഠനത്തില്‍ കണ്ടു. ഐഫോണിന്റെ ടെക്സ്റ്റ്് മെസ്സേജ് ആപ്ലിക്കേഷനായ 'ടെക്സ്റ്റ് പ്ലസ് 4' സ്വകാര്യ വിവരങ്ങള്‍ എട്ട് പരസ്യ കമ്പനികള്‍ക്കായി ചോര്‍ത്തുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ കണ്ടെത്തി.
അതേസമയം, ഓരോ ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് മുന്നോടിയായി വിശദമായ പരിശോധന നടത്തുന്നുണ്ടെന്നാണ് ആപ്പിളും ഗൂഗിളും പറയുന്നത്. എങ്കിലും ഒട്ടുമിക്ക ഫോണ്‍ ആപ്ലിക്കേഷനുകളും കുറഞ്ഞത് ഫോണിന്റെ യുണീക് ഐഡി എങ്കിലും പരസ്യ കമ്പനികള്‍ക്ക് എത്തിക്കുന്നുവെന്നതാണ് സത്യം. ഓരോ കമ്പനികളും ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നാല്‍, 2008 ല്‍ ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ രംഗപ്രവേശം ചെയ്തതോടെയാണ് ഇവ കൂടുതല്‍പ്രചാരത്തിലായത്. നിലവില്‍ ഇത്തരത്തിലുള്ള മൂന്നു ലക്ഷത്തിലധികം ആപ്ലിക്കേഷനുകള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്ക്.