Monday, 22 November 2010

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും ഫോണുകള്‍

പണത്തിനുപകരമായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ നല്‍കി സാധനങ്ങള്‍ വാങ്ങുന്ന പ്രവണത നമ്മുടെ നാട്ടിലും സര്‍വസാധാരണമായിക്കഴിഞ്ഞു. എന്നാല്‍ കാര്‍ഡുകള്‍ക്ക് പകരം നമ്മുടെ കയ്യിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുതന്നെ പണമിടപാടു നടത്താനാകുന്ന ഇ-വാലറ്റ് സംവിധാനം ആന്‍ഡ്രോയ്ഡ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പിലുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരമായി മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ സി ഇ ഒ എറിക് ഷ്മിഡ്റ്റ് പറയുന്നു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ജിഞ്ചര്‍ ബ്രെഡ് എന്ന് കോഡ് നാമമുള്ള ആന്‌ഡ്രോയ്ഡ് 2.3 പതിപ്പിലായിരിക്കും ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തിലാണ് ഷ്മിഡ്റ്റ് പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍, ആന്‍ഡ്രോയ്ഡ് സോഫ്റ്റവെയറും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇത് പരിചയപ്പെടുത്തിയത്.( എന്നാല്‍ ഈ ഫോണ്‍, സാംസങ് പുറത്തിറക്കാനുദ്ദേശിച്ചിട്ടുള്ള നെക്‌സസ് ഒന്നിന്റെ പിന്‍മുറക്കാരന്‍ നെക്‌സസ് എസ് ആണെന്ന സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുമുണ്ടെത്രെ.)
പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സാങ്കേതികത തന്നെയാണ് നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ ഉപയോഗിക്കുന്ന ഒരു ചിപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പറോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം മുഖേനയോ ആണ് കാര്‍ഡിനു പകരമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ സാധ്യമാക്കുന്നത്.
പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരമയി ഫോണ്‍ ഉപയോഗിക്കുന്നതിനെ ഏറെക്കാലമായി പലരും പ്രതീക്ഷിക്കുന്നണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ, വരും കാലങ്ങളില്‍ ഡെസ്‌ക് ടോപ്പുകള്‍ക്ക് പകരമായിപ്പോലും മൊബൈല്‍ ഫോണ്‍ വളര്‍ന്നേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Tuesday, 16 November 2010

പ്രകാശം ഊര്‍ജ്ജമാക്കി ഒരു കീബോര്‍ഡ്

വൈദ്യുതി ഒഴിവാക്കി പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡും രംഗത്തെത്തിക്കഴിഞ്ഞു. ലോജിടെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വയര്‍ലെസ്സ് കീബോര്‍ഡാണ് ഈ പുതുതലമുറക്കാരന്‍. കെ 750 എന്നു പേരിട്ടിരിക്കുന്ന ഈ കീബോര്‍ഡ് അടിസ്ഥാനപരമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും ഒരു മുറിക്കുള്ളിലെ വൈദ്യുതി വിളക്കിന്റെ പ്രകാശത്തില്‍ നിന്നുപോലും ഊര്‍ജ്ജം സ്വീകരിക്കും.
2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റി ഉപയോഗിക്കുന്ന കെ750 അമേരിക്കയിലായിരിക്കും ലഭ്യമാവുക. 80അമേരിക്കന്‍ ഡോളര്‍ വിലവരുന്ന ( ഏകദേശം 3550 രൂപ ) ഇതിന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് ഔദ്യോഗീക അറിയിപ്പൊന്നുമില്ല.
വിരല്‍ത്തുമ്പുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ തരത്തില്‍ തന്നെയാണ് ഇതിലെ കീകള്‍ ലോജിടെക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനീകമായ 2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റിയാണ് ഇതില്‍ ഉപയോഗിക്കുന്നുവെന്നതിനാല്‍ ലിവിംഗ് റൂമിലോ വ്യക്തിഗത മുറിയിലോ എവിടെ വേണമെങ്കിലും ഇരുന്ന് ഈ കീബോര്‍ഡ് ഉപയോഗിക്കാനുമാകും. കമ്പ്യൂട്ടറിലും കീബോര്‍ഡിലും ഉപയോഗിക്കുന്ന വളരെ ചെറിയ റിസീവറാണ് ഇത് സാധ്യമാക്കുന്നത്.
കീബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനല്‍ പ്രകാശ ഉറവിടത്തില്‍ നിന്ന് കീബോര്‍ഡിനായി ഊര്‍ജ്ജം സ്വീകരിച്ചുകൊള്ളും. അതായത് സൂര്യപ്രകാശത്തില്‍ നിന്നുമാത്രമല്ല, രാത്രിയില്‍ മുറിക്കുള്ളിലെ വെളിച്ചം ഉപയോഗിച്ചും കീബോര്‍ഡിനാവശ്യമായ ഊര്‍ജം ലഭിക്കുമെന്നര്‍ത്ഥം. അങ്ങനെ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ലോജിടെക്.