Tuesday, 16 November 2010

പ്രകാശം ഊര്‍ജ്ജമാക്കി ഒരു കീബോര്‍ഡ്

വൈദ്യുതി ഒഴിവാക്കി പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡും രംഗത്തെത്തിക്കഴിഞ്ഞു. ലോജിടെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വയര്‍ലെസ്സ് കീബോര്‍ഡാണ് ഈ പുതുതലമുറക്കാരന്‍. കെ 750 എന്നു പേരിട്ടിരിക്കുന്ന ഈ കീബോര്‍ഡ് അടിസ്ഥാനപരമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും ഒരു മുറിക്കുള്ളിലെ വൈദ്യുതി വിളക്കിന്റെ പ്രകാശത്തില്‍ നിന്നുപോലും ഊര്‍ജ്ജം സ്വീകരിക്കും.
2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റി ഉപയോഗിക്കുന്ന കെ750 അമേരിക്കയിലായിരിക്കും ലഭ്യമാവുക. 80അമേരിക്കന്‍ ഡോളര്‍ വിലവരുന്ന ( ഏകദേശം 3550 രൂപ ) ഇതിന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് ഔദ്യോഗീക അറിയിപ്പൊന്നുമില്ല.
വിരല്‍ത്തുമ്പുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ തരത്തില്‍ തന്നെയാണ് ഇതിലെ കീകള്‍ ലോജിടെക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനീകമായ 2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റിയാണ് ഇതില്‍ ഉപയോഗിക്കുന്നുവെന്നതിനാല്‍ ലിവിംഗ് റൂമിലോ വ്യക്തിഗത മുറിയിലോ എവിടെ വേണമെങ്കിലും ഇരുന്ന് ഈ കീബോര്‍ഡ് ഉപയോഗിക്കാനുമാകും. കമ്പ്യൂട്ടറിലും കീബോര്‍ഡിലും ഉപയോഗിക്കുന്ന വളരെ ചെറിയ റിസീവറാണ് ഇത് സാധ്യമാക്കുന്നത്.
കീബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനല്‍ പ്രകാശ ഉറവിടത്തില്‍ നിന്ന് കീബോര്‍ഡിനായി ഊര്‍ജ്ജം സ്വീകരിച്ചുകൊള്ളും. അതായത് സൂര്യപ്രകാശത്തില്‍ നിന്നുമാത്രമല്ല, രാത്രിയില്‍ മുറിക്കുള്ളിലെ വെളിച്ചം ഉപയോഗിച്ചും കീബോര്‍ഡിനാവശ്യമായ ഊര്‍ജം ലഭിക്കുമെന്നര്‍ത്ഥം. അങ്ങനെ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ലോജിടെക്.

No comments: