Wednesday, 10 February 2010

സിമ്പിയന്‍ ഓപ്പണ്‍ സോഴ്‌സിലേക്ക്

‌ഫ്രീ സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ ആഗോള തലത്തില്‍ വന്‍ പ്രചാരം കൈവരുമ്പോള്‍, പ്രശസ്‌ത സ്‌മാര്‍ട്ട്‌ ഫോണ്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ സിമ്പിയനും ഓപ്പണ്‍ സോഴ്‌സിലേക്ക്‌ ചുവടുമാറുന്നു. ദശലക്ഷക്കണക്കിനു ഡോളര്‍ മൂല്യം വരുന്ന സിമ്പിയന്‍ കോഡ്‌ സൗജന്യമാക്കിക്കൊണ്ട്‌ വലിയൊരു മാറ്റത്തിന്‌ തുടക്കമിടുകയാണവര്‍. തങ്ങള്‍ ഓപ്പണ്‍ സോഴ്‌സിലേക്ക്‌ മാറുകയാണെന്ന്‌ 2008ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള നടപടികള്‍ സിമ്പിയന്‍ ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌ ഇപ്പോഴാണ്‌. സിമ്പിയന്റെ പ്ലാറ്റ്‌ഫോം ഏതു വ്യക്തിക്കും സ്ഥാപനത്തിനും സൗജന്യമായി ഉപയോഗിക്കാനും മാറ്റം വരുത്തുവാനും കഴിയുന്നതോടെ അത്‌ വലിയ മാറ്റത്തിനും വികാസത്തിനും വഴിമരുന്നിടും.സിമ്പിയന്‍ അടിസ്ഥാനമാക്കിയുള്ള 330 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ സിമ്പിയന്‍ ഫൗണ്ടേഷന്‍ അഭിപ്രായപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഈ സിസ്റ്റത്തിനുമേല്‍ ജോലിചെയ്യാന്‍ പുതിയ ഡെവലപ്പര്‍മാര്‍ കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും.ഓപ്പണ്‍ സോഴ്‌സിലേക്കുള്ള ഏറ്റവും വലിയ ഈ ചുവടുമാറ്റം സിമ്പിയന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ക്കും വികസനത്തിനും വഴിവയ്‌ക്കും.മൊബൈല്‍ഫോണ്‍ നിര്‍മാണ രംഗത്തെ അതികായരായ നോക്കിയ 2008ലാണ്‌ ഈ സോഫ്‌റ്റ്‌വെയര്‍ വാങ്ങിയത്‌. തുടര്‍ന്നവര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സിംബിയന്‍ ഫൗണ്ടേഷന്റ ആരംഭത്തിന്‌ സഹായങ്ങള്‍ നല്‍കുകയും ചെയ്‌തു. നോക്കിയ, എ ടി ആന്റ്‌ ടി, എല്‍ ജി, മോട്ടോറോള, എന്‍ ടി ടി ഡോക്കോമോ, സാംസങ്‌, സോണി എറിക്‌സണ്‍, എസ്‌ ടി മൈക്രോഇലക്ട്രോണിക്‌സ്‌, ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌, വൊഡാഫോണ്‍ എന്നിവരാണ്‌ ഫൗണ്ടേഷനിലെ അംഗങ്ങള്‍. ഈ അംഗങ്ങള്‍ക്ക്‌ മാത്രമായിരുന്നു സിംബിയന്‍ കോഡ്‌ ഉപയോഗിക്കാനാകുമായിരുന്നത്‌. ഈ സംഘം തന്നെയാണ്‌ ഇപ്പോള്‍ സിംബിയന്‍ പ്ലാറ്റ്‌ഫോം ഓപ്പണ്‍ സോഴ്‌സിലാക്കാന്‍ തയ്യാറായിരിക്കുന്നത്‌.ആപ്പിളിന്റെ ഐഫോണിനും ഗൂഗ്‌ളിന്റെ ആന്‍ഡ്രോയ്‌ഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിനുമൊപ്പം ഇതുവരെ പ്രചാരണ യുദ്ധരംഗത്തുണ്ടായിരുന്ന സിംബിയന്‍ ഇനി അതില്‍നിന്ന്‌ ഒഴിവായേക്കും.അതേസമയം എല്ലാവരും കരുതുന്നപോലെ ഇതു പൂര്‍ണമായും സൗജന്യവും തുറന്നതുമായിരിക്കില്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്‌. മറ്റ്‌ ഓപ്പണ്‍ സോഴ്‌സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളിലേതുപോലെ ഇതിലും പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌വെയറുകളുണ്ടാകുമെന്നും അവര്‍ പറയുന്നു.

No comments: