Friday, 2 May 2008

അസ്യൂസിന്റെ മൊബൈല്‍ ഫോണുകള്‍

പ്രമുഖ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളായ അസ്യൂസ്‌ പുറത്തിറക്കിയ മൊബൈല്‍ ഫോണുകള്‍ കേരള വിപണിയിലും എത്തിക്കഴിഞ്ഞു. ഹൈ എന്‍ഡ്‌ മൊബൈല്‍ ഫോണുകളുടെ കൂട്ടത്തില്‍ അസ്യൂസിന്റെ പി750, പി526 മോഡലുകള്‍ കേരള വിപണിലും ഇഷ്ട ഫോണുകളായി മാറുകയാണ്‌. ഹൈ സ്‌പീഡ്‌ വിവര കൈമാറ്റം, വേഗത്തിലുള്ള ഇന്റര്‍നെറ്റ്‌ ആക്‌സസ്‌, കൂടുതല്‍ കാര്യക്ഷമത എന്നീ മുഖമുദ്രകളുമായാണ്‌ അസ്യൂസ്‌ വിപണി കീഴടക്കാനെത്തുന്നത്‌. ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ജി.പി.എസ്‌ സംവിധാനം രണ്ടു മോഡലുകളെയും വ്യത്യസ്‌തമാക്കുന്നു.
പി750 3.5ജി ഫോണ്‍ ആണെന്നാണ്‌ അസ്യൂസ്‌ അവകാശപ്പെടുന്നത്‌. വിന്‍ഡോസ്‌ മൊബൈല്‍6 പ്രൊഫഷണല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും അനുബന്ധ മൈക്രോസോഫ്‌റ്റ്‌ ആപ്ലിക്കേഷനുകളും ബിസിനസ്‌ ഫംഗ്‌ഷന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഫോണിലെ ജി.പി.എസ്‌ സംവിധാനം ഒരു സ്ഥലം പെട്ടന്നു കണ്ടുപിടിക്കുന്നതിന്‌ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഇതിലുള്ള ബില്‍ട്ട്‌ ഇന്‍ ട്രാവലോഗ്‌ സംവിധാനം യാത്രയിലെ ചിത്രങ്ങള്‍, റൂട്ട്‌, മെമ്മോസ്‌, തുടങ്ങിയവയൊക്കെ റെക്കോഡ്‌ ചെയ്യാന്‍ സഹായിക്കുന്നു. ഇതൊക്കെ ഗൂഗിള്‍ എര്‍ത്ത്‌ സപ്പോര്‍ട്ട്‌ ചെയ്യുന്ന ഫോര്‍മാറ്റിലാക്കി പി.സിയില്‍ സൂക്ഷിക്കുകയുമാകാം.ശേഷം ബ്ലോഗിലോ മറ്റോ വേണമെങ്കില്‍ അപ്‌ലോഡ്‌ ചെയ്യുകയുമാകാം.
hsdpa 3.6 mbps, umts 2100, edge,gprs, gsm 900/1800/1900; class 10 നെറ്റ്‌ വര്‍ക്കിംഗ്‌ സംവിധാനമാണ്‌ ഇതിന്റെത്‌. 2.6" സ്‌ക്രീനുള്ള പി750-ല്‍ 256mb ഫ്‌ളാഷ്‌ മെമ്മറിയും 64mb എസ്‌ ഡി. റാമും ഉണ്ട്‌. മൈക്രോ എസ്‌.ഡി. കാര്‍ഡുകള്‍ സപ്പോര്‍ട്ട്‌ ചെയ്യും. 3mp കാമറയാണ്‌ ഇതിലുള്ളത്‌. mpeg4, വീഡിയോ സ്‌ട്രീമിംഗ്‌, വീഡിയോ കാള്‍ സംവിധാനങ്ങളുമുണ്ട്‌. ബാറ്ററി ഉള്‍പ്പടെ 120 ഗ്രാം മാത്രം ഭാരമുള്ള പി750 ക്ക്‌ 5മണിക്കൂര്‍ വരെ ടോക്ക്‌ ടൈം കിട്ടുമെന്ന്‌ അസ്യൂസ്‌ അവകാശപ്പെടുന്നുണ്ട്‌.
വേഡ്‌, എക്‌സല്‍, പവര്‍ പോയിന്റ്‌, വിന്‍ഡോസ്‌ ലൈവ്‌, എംഎസ്‌എന്‍, വോയിസ്‌ കമാന്‍ഡര്‍ എന്നിവക്കൊപ്പം തന്നെ ട്രാവലോഗ്‌, റിമോട്ട്‌ പ്രെസന്റര്‍,ബിസിനസ്‌ കാര്‍ഡ്‌ റെക്കഗ്‌നിഷന്‍,ന്യൂസ്‌ സ്റ്റേഷന്‍, ലൊക്കേഷന്‍ കൊറിയര്‍, ഓട്ടോക്ലീനര്‍ തുടങ്ങിയ സംവിധാനങ്ങളും അസ്യൂസ്‌ പി750-യില്‍ ഉണ്ട്‌. ഇതിന്റെ കൊച്ചിയിലെ വില 27900 രൂപ. അസ്യൂസ്‌ പി526ന്‌ 15900 ആണ്‌ വില.

No comments: