Sunday, 24 February 2008

നാനോ ലാപ്‌ടോപ്പുകള്‍ക്ക്‌ പ്രിയം



എന്തിലും ഏതിലും 'നാനോ' പരീക്ഷിക്കുന്ന ഇക്കാലത്ത്‌, ലാപ്‌ടോപ്പുകളും മാറ്റി നിര്‍ത്തപ്പെടുന്നില്ല. വലിപ്പം കുറഞ്ഞ ലാപ്‌ടോപ്പുകള്‍ വിപണിക്ക്‌ പുതുമയല്ലെങ്കിലും കുറഞ്ഞ വലിപ്പത്തിനൊപ്പം വിലയും കുറഞ്ഞിരിക്കുന്നത്‌ വിപണിയില്‍ കണ്ടത്‌ അടുത്തിടെ മാത്രം. ഒന്നു രണ്ടു കമ്പനികള്‍ തങ്ങളുടെ വലിപ്പവും വിലയും കുറഞ്ഞ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചപ്പോള്‍ ഒട്ടേറെ പ്രമുഖ കമ്പനികളും ഇത്തരം പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. വരും ദിനങ്ങളില്‍ വിലയിലും വലിപ്പത്തിലുമുള്ള വിപ്ലവവും കാണാനാകും. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ക്കുതന്നെ ഇത്തരം അള്‍ട്ര മൊബൈല്‍ പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണി കീഴടക്കിത്തുടങ്ങിയിരുന്നു.
എച്ച്‌.സി.എല്‍ ഇത്തരത്തിലുള്ള മൂന്ന്‌ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. മൈലീപ്‌ എക്‌സ്‌, മൈലീപ്‌ വൈ, മൈലീപ്‌ സെഡ്‌ എന്നിവയാണവ. മൈലീപ്‌ എക്‌സില്‍ 900MHz ഇന്റല്‍ സെല്‍റോണ്‍ എം പ്രോസസറാണുള്ളത്‌. 512 MB DDR II റാമുള്ള ഇതിന്റെ സ്‌്‌ക്രീനാകട്ടെ 7 ഇഞ്ച്‌ (17.7 സെ.മീ.) മാത്രമാണ്‌. 30 ജി.ബി ഹാര്‍ഡ്‌ ഡിസ്‌കും ഇതിലുണ്ട്‌. 2 യു.എസ്‌.ബി പോര്‍ട്ട്‌, എസ്‌.ഡി കാര്‍ഡ്‌ സ്ലോട്ട്‌, ലാന്‍ പോര്‍ട്ട്‌, വയര്‍ലെസ്‌, ബില്‍ട്ട്‌ ഇന്‍ മൈക്ക്‌ തുടങ്ങിയ സംവിധാനങ്ങളുള്ള ഈ കുഞ്ഞ്‌ ലാ്‌പ്‌ടോപ്പിന്റെ ഭാരമാകട്ടെ വെറും 1.44 കിലോഗ്രാം മാത്രമാണ്‌.6 സെല്‍ ബാറ്ററിയുള്ള ഇത്‌ 4 മണിക്കൂര്‍ ബാക്കപ്‌ തരുമെന്ന്‌ നിര്‍മാത്‌ാക്കള്‍ അവകാശപ്പെടുന്നു. 16990 രൂപ വിലയുള്ള മൈലീപ്‌ എക്‌സിന്‌ ഒരു വര്‍ഷത്തെ വാറണ്ടിയും ലഭിക്കും.
മൈലീപ്‌ വൈ യുടെ സ്‌്‌ക്രീനും 7 ഇഞ്ച്‌ മാത്രമാണെങ്കിലും ഇതിന്റെ വിലയാകട്ടെ മൈലീപ്‌ എക്‌സിന്റെ ഇരട്ടി വരും. ഇന്റല്‍ എ 110 പ്രോസസറാണ്‌ ഇതിന്റെത്‌. 1 ജി.ബി DDR II റാമും 80 ജി.ബി ഹാര്‍ഡ്‌ ഡിസ്‌കുമാണ്‌ ഇതിലുള്ളത്‌. ഇന്റഗ്രേറ്റഡ്‌ കാമറ ആന്റ്‌ ബ്ലൂടൂത്ത്‌, ബില്‍റ്റ്‌ ഇന്‍ മൈക്ക്‌ തുടങ്ങിയവയൊക്കെയുള്ള ഇതിനു ഭാരം 980 ഗ്രാം മാത്രമാണ്‌. വിലയാകട്ടെ 31990 രൂപയും.
മൈലീപ്‌ സെഡിന്റെ സ്‌ക്രീനും 7 ഇഞ്ച്‌ തന്നെയാണ്‌. ടച്ച്‌ സ്‌ക്രീന്‍ സംവിധാനമൊക്കെയുള്ള ഈ സിസ്‌റ്റത്തിനൊപ്പം വിന്‍ഡോസ്‌ വിസ്‌റ്റ ഹോം പ്രീമിയവും ഉണ്ടാകും. ഇതിന്റെ വില 35490 ആണ്‌.
തൈവാന്‍ കമ്പനിയായ എയ്‌സസ്‌ പുറത്തിറക്കിയ ഈപീസി (EeePC)യ്‌ക്കും സ്‌്‌ക്രീന്‍ വലിപ്പം 7 ഇഞ്ച്‌ തന്നെയാണ്‌. ലിനക്‌സ്‌ അടിസ്ഥാനമായുള്ള ഈപീസിയില്‍ 512 എം.ബി റാമുണ്ടെങ്കിലും 4 ജി.ബി സംഭരണ ശേഷി മാത്രമാണുള്ളത്‌. വൈഫൈ, ബില്‍റ്റ്‌ ഇന്‍ സ്റ്റീരിയോ സ്‌പീക്കറുകള്‍ മൈക്രോഫോണ്‍ എന്നിവയുള്ള ഈപീസീക്ക്‌ ഭാരം 920 ഗ്രാം. വിലയാകട്ടെ 18000 രൂപയും നികുതിയും വരും..
മുംബൈ കേന്ദ്രമായുള്ള ്‌അലൈഡ്‌ കമ്പ്യൂട്ടേഴ്‌ ഇന്റര്‍നാഷണലിന്റെ എ.സി.ഐ ഈത്തോസ്‌ (ACi ethos) 512 എം.ബി റാമും 40 ജി.ബി സംഭരണശേഷിയുമുള്ള 7 ഇഞ്ച്‌്‌ സ്‌ക്രീന്‍ പി.സിയാണ്‌. ലിനക്‌സ്‌ ഒാപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ സിസ്റ്റത്തിനൊപ്പമുള്ളതെങ്കിലും വിന്‍ഡോസ്‌ എക്‌സ്‌പിയിലും പ്രവര്‍ത്തിപ്പിക്കാനാകും. ഇതിനും 15000ത്തോളമാണ്‌ വില.
സി.ഡി/ ഡി.വി.ഡി ഡ്രൈവുകളില്ല എന്നത്‌ ഈ പറഞ്ഞ ശ്രേണികളിലെ കമ്പ്യൂട്ടറുകളുടെ പ്രധാന പോരായ്‌മയാണ്‌. മറ്റേതെങ്കിലും ഒരു ആപ്ലിക്കേഷന്‍ ഇത്തരം പി.സികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഇന്റേണല്‍ ഒപ്‌റ്റിക്കല്‍ ഡ്രൈവുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
എങ്കിലും വിലയിലും വലിപ്പത്തിലും വിപ്ലവം സ്യഷ്ടിച്ച്‌ ഇത്തരം അള്‍ട്ര മൊബൈല്‍ പി.സികള്‍ ഇനി രംഗത്തെത്തുന്നത്‌ പരമാവധി പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും. പുതിയ സാഹചര്യങ്ങളില്‍ അത്‌ കാത്തിരുന്ന്‌ കാണാം.

No comments: